Sunday 31 July 2011

ഒര്‍മ്മയില്‍ ഒരു കളിയാരവം ...



തെയ്യങ്ങളുടെ നാടാണ് ഞങ്ങളുടെ പിലിക്കോട് 
.തെയ്യക്കാലം തുടങ്ങിയാല്‍ പിന്നെ   അലറിപ്പെയ്യുന്ന-
ചെണ്ട മേളവും ചിലമ്പ് ഒച്ചയും നിലച്ച നേരം നന്നേ കുറവായിരിക്കും.
ഇടവം പാതിയില്‍ നീലേശ്വരം മന്ദന്‍പുറത്തു കാവില്‍ -
കലശത്തോടെയാണ് ഒരാണ്ടത്തെ കളിയാട്ടക്കാലത്തിനു-
പരിസമാപ്തി കുറിക്കുന്നത് .പിന്നെ തുലാമാസത്തില്‍ വീണ്ടും -
കളിയാട്ടക്കാവുകള്‍ ഉണരും .തുലാം 21 നു തുടങ്ങുന്ന കുന്നുമ്മല്‍ -
തെയ്യമാണ്‌ പുതിയ കളിയാട്ടക്കാലത്തില്‍ ആളുകള്‍ കൂടുന്ന -
പിലിക്കോട്ടെ ആദ്യ തെയ്യം .
കളിയാട്ടക്കാലം തുടങ്ങിയാല്‍ കുട്ടിക്കാലത്ത് ഞങ്ങളുടെ -
കളി രീതികളും മാറും .കുന്നോത്ത് വളപ്പിലെ 'മട്ടക്കണ ക്രിക്കറ്റിനു '-
വിടനല്‍കി പിന്നെ തെയ്യം കെട്ടികളിയാണ്...വീടിനു പിറകിലെ -
ഓല കൊണ്ടുണ്ടാക്കിയ ഞാലി അണിയറയാക്കി  പകലന്തിയോളം -
തുടരുന്ന കളി .കുറച്ച് പേര്‍ വാദ്യക്കാരായുണ്ടാകും.പഴയ ചിമ്മിനികാന്‍
ബീക്കു ചെണ്ടയ്ക്ക് പകരമാകും .പാല്‍പൊടിയുടെ ഡപ്പി വാഴനാരില്‍-
കോര്‍ത്തു തോളത്തിട്ടാണ് ചെണ്ടമേളം മുഴയ്ക്കുക.
കളി തെയ്യത്തിന്റെ വേഷവിധാനവും രസകരമായിരുന്നു .
ഓലയും പ്ലാവിലയുമെല്ലാം അരയില്‍ വലിച്ച് കെട്ടും. ചിലപ്പോള്‍ വെണ്ണീര്‍ -
മേലാകെ പൂശും .അടുക്കളയില്‍ നിന്നും അമ്മ കാണാതെ എടുക്കുന്ന -
ഇഡ്ഡലി പാത്രത്തിന്റെ അടപ്പാണ് തെയ്യത്തിന്റെ തട്ട് .മ്ട്ടക്കണ 
ഒറിജിനല്‍ വാളിന് പകരമാകും .എനിക്കും  പലപ്പോഴും ഈ വേഷം -
അണിയാനുള്ള നിയോഗം ഉണ്ടായിട്ടുണ്ട് .വിശ്വാസവുമായി കൂട്ട് പിടിച്ച്‌- 
പലപ്പോഴും ഇതിന്റെ പേരില്‍ വഴക്ക് കിട്ടുമായിരുന്നു.എങ്കിലും -
എല്ലാവരെയും കണ്ണ് വെട്ടിച്ച്‌ ഞങ്ങള്‍ കളി തുടര്‍ന്ന് കൊണ്ടേ ഇരുന്നു .....
[ഈ ഓര്‍മ്മ വിദേശത്തുള്ള എന്റെ കളി കൂട്ടുകാര്‍ക്കായി സമര്‍പ്പിക്കുന്നു ]

Friday 29 July 2011

അങ്ങനെയൊരു കാലം ...



കുണ്ട് കുളത്തിലെ നീന്തി തുടിക്കലിന്-
സ്വിമ്മിംഗ് പൂളിനെക്കാള്‍ കുളിര്‍മയുണ്ടായിരുന്നു
കാല്‍മടമ്പ് കൊണ്ട് കുഴികുത്തി -
ഇടവഴികളില്‍ നിന്നും കളിച്ച കൊട്ടികളിക്ക് -
കമ്പ്യൂട്ടര്‍ ഗെയിമിനെക്കാളും ഹരമായിരുന്നു 
തൊട്ടാവാടിയുടെ ഇലപറിച്ചെടുത്തു -
പുല്‍ക്കൊടിയില്‍ മുട്ടിച്ച് ഊതിവിട്ട -
കുമിളകള്‍ക്ക് എന്തൊരു ചന്തമായിരുന്നു ..
ആ അങ്ങനെയൊരു കാലം 

അത്രമേല്‍ ഇഷ്ട്ടമായിരുന്നു അതിനെ .....



ചെറുപ്പത്തില്‍ എനിക്കതിനെ വലിയ ഇഷ്ടമായിരുന്നു.
ഉത്സവപറമ്പുകളില്‍ വച്ചായിരുന്നു ഞങ്ങളുടെ കണ്ടുമുട്ടല്‍
കാണുമ്പോഴെല്ലാം അതെന്നെ കൊതിപ്പിച്ചു കൊണ്ടേയിരുന്നു .
കയ്യില്‍ കിട്ടിയപ്പോള്‍ അത് ഒച്ചയുണ്ടാക്കി തുള്ളിച്ചാടി 
ഒന്ന് സ്നേഹിച്ചു വരുമ്പോഴേക്കും അത് പൊട്ടിത്തെറിച്ചു .
ഞാന്‍ കരഞ്ഞുകൊണ്ട് അമ്മയോട് പറഞ്ഞു -
എനിക്ക് ഒരു 'മത്തങ്ങ ബലൂണ്‍ 'കൂടി വാങ്ങിത്തരാന്‍ .... 

Thursday 28 July 2011

വെറുതെ യാത്ര


വിരുന്നെത്തിയ ദേശാടനക്കിളികള്‍  പറന്നിറങ്ങാന്‍ കഴിയാതെ -
വട്ടമിട്ടു പറന്നു ..
ദൂരങ്ങള്‍ താണ്ടി എത്തിയ പാവങ്ങള്‍ അറിഞ്ഞില്ല -
നമ്മുടെ വയലുകള്‍ 'ഫ്ലാറ്റായ 'വിവരം .
അവ ഇനി വരുമോ ആവോ?

'ഓര്‍മ്മ' -കണ്ണീരുപ്പും മധുരവും


ഇരുട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ പോയകാലത്തിന്റെ -
കാലൊച്ചകള്‍ കേട്ടു....
ഓര്‍മകളുടെ നനവുള്ള മണ്ണില്‍ വേരുകള്‍ -
പിന്നെയും മുളച്ചു .....
ആകാശത്തോളം പടര്‍ന്നു പന്തലിച്ച സൌഹൃദത്തിന്റെ-
തണലില്‍ ഇത്തിരി നേരമിരുന്നു ..
ഫേസ് ബുക്കില്‍ നോക്കാതെ കൂട്ടുകാരെ കണ്ടു .
തികട്ടി തികട്ടി വന്ന ഓര്‍മകളില്‍ -
കണ്ണീരുപ്പും ,മധുരവും  ഉണ്ടായിരുന്നു ..
ഈ 'ഓര്‍മ്മ ' വല്ലാത്തൊരു സംഭവം തന്നെ .....

Monday 25 July 2011

കാഴ്ചകളില്‍ ഇതുകൂടി .........




അനീഷിന്റെ ഫോട്ടോകള്‍ ..

Sunday 24 July 2011

എന്നാലും അത് പെറ്റില്ലല്ലോ ?


ഒരു കടലാസ് പരതുമ്പോള്‍ എനിക്കൊരു പഴയപുസ്തകം കിട്ടി.
നാലാംക്ലാസിലെ മലയാളം നോട്ടുപുസ്തകം ..
അത് മറിച്ചു നോക്കിയപ്പോള്‍ ഒരു മയില്‍പീലിത്തുണ്ട് താഴെ വീണു .
എനിക്ക് സങ്കടം വന്നു ....
അത് താഴെ വീണത്‌കൊണ്ടല്ല ....
ഇത്രയും കാലം ആകാശം കാണാതെ കിടന്നിട്ടും -
അത് പെറ്റില്ലല്ലോ ........?
ആരോ എന്നെ പറഞ്ഞു പറ്റിച്ചു .....

Friday 22 July 2011

ഞങ്ങളുടെശില്പ്പമോള്‍


ചന്ദനത്തിന്‍ സുഗന്ധമാണവള്‍ക്ക്......
പാല്‍ നിലാവിന്‍ നിറമാണവള്‍ക്ക്....
എല്ലുകള്‍ പൊടിയുന്ന വേദനയുണ്ടെങ്കിലും-
കട്ടിലില്‍ കിടന്നു അക്ഷരങ്ങളുടെ ലോകത്താണ് അവള്‍
ചേച്ചി ശാലിനി ഉണ്ട് ശില്പ്പമോള്‍ക്ക് കൂട്ടിന്‌..
ശില്പമോള്‍ക്ക് വേദന കൂടുമ്പോള്‍ ചേച്ചി പാട്ടുകള്‍ പാടിക്കൊടുക്കും 
സ്വന്തമായി കുറിച്ചിട്ട വരികളാണ് അവളുടെ പാട്ടുകള്‍ 
പത്തു വയസ്സുള്ള തന്റെ 'അമ്മു' എന്ന് വിളിക്കുന്ന അനിയത്തികുട്ടിക്കായി 
ഒന്‍പതാം ക്ലാസ്സുകാരിയായ ചേച്ചി കുറിച്ചിട്ട വരികള്‍ സി ഡി ആയി 

പുറത്തിറങ്ങി കഴിഞ്ഞു ....   
കവിതയിലെ വരികളില്‍ ശാലിനി എഴുതിയത് പോലെ 
അവളുടെ അമ്മുവായ അനിയത്തികുട്ടി അവളുടെ കൊച്ചു വീടിനു മുന്നില്‍ ഓടികളിക്കാന്‍
നമുക്കും പ്രാര്‍ത്ഥിക്കാം ...
വിലാസം 
ശില്പ കെ ബി 
എലിക്കൊട്ടുപോയില്‍ 
വലിയപോയില്‍ പി ഒ
ചെറുവത്തൂര്‍ വഴി 
കാസര്ഗോഡ് ജില്ല 

Thursday 21 July 2011

മാനത്തെ അമ്പിളിമാമന്‍ താഴത്ത് കുരുന്നുകളില്‍ കൌതുകവും വിസ്മയവും ....



തങ്ങളുടെ പ്രിയപ്പെട്ട അമ്പിളി മാമനും അമ്പിളി മാമന്റെ വീട്ടില്‍ 
ആദ്യമായി കാലു കുത്തിയ നീല്‍ ആംസ്ട്രോങ്ങും ഒന്നിച്ചു വന്നപ്പോള്‍ 
കുരുന്നുകളില്‍ വിസ്മയം നിറഞ്ഞു .ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍പി 
സ്കൂളില്‍ സയന്‍സ് ക്ലബ്ബ് നടത്തിയ ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി അരങ്ങേറിയ 
'അമ്പിളിയും ആംസ്ട്രോങ്ങും '' എന്ന ലഘു നാടകത്തിലൂടെയാണ് ഇരുവരും വിദ്യാലയ -
മുറ്റത്ത്  എത്തിയത് .കണ്ണടച്ച് പാട്ടുപാടി വിളിച്ചപ്പോള്‍ ആദ്യം എത്തിയത് അമ്പിളി  മാമനായിരുന്നു.
പിന്നാലെ ആംസ്ട്രോങ്ങും എത്തി .ഇരുവരും തങ്ങളുടെ കഥകള്‍ കുട്ടികളുമായി പങ്കുവെച്ചു  .
ഇവര്‍ക്ക് മുന്നില്‍ കുട്ടികള്‍ അമ്പിളി പാട്ടുകള്‍ പാടി .ചന്ദ്രനെ തേടി സിഡി പ്രദര്‍ശനവും നടന്നു 
സഞ്ജയ്‌ ,ശഹവാസ്   ,നന്ദന ,നിസാര്‍  തുടങ്ങിയവര്‍ വേഷമിട്ടു .........   

Wednesday 20 July 2011

കാഴ്ച





അനീഷ്‌ കാലിക്കടവിന്റെ ഫോട്ടോകള്‍

നമ്മള്‍ അല്ല ഞങ്ങള്‍ മാത്രമാകുമ്പോള്‍



അന്ന് കയ്യാലകള്‍ക്ക് അപ്പുറവും ഇപ്പുറവുമായിരുന്നു വീടുകള്‍ 
ഇന്നത് കല്‍മതിലുകള്‍ക്ക് അപ്പുറവും ഇപ്പുറവുമായി .
കാണാനും പറ്റില്ല ,വിളിച്ചാലും കേള്‍ക്കില്ല ....
ഒരു വീട്ടില്‍ ഒരാള്‍ മരിച്ചുവത്രേ -
അത് അയല്‍വാസികള്‍ അറിഞ്ഞത്-
അടുത്തദിനം പത്ര വാര്‍ത്ത കണ്ടപ്പോഴാണ് .. 

ജൂലൈ 21 ചാന്ദ്ര ദിനം

അമ്പിളി മാമന്റെ വീട്ടിലും നമ്മുടെ -
അമ്മാമാന്മാര്‍ ചിലര്‍ പോയി വന്നു
അഞ്ചാറു കല്ലുകളത്രേ നമുക്കൊരു
സഞ്ചിയില്‍ മാമന്‍ കൊടുത്തയച്ചു ...........
അമ്പിളി മാമന്റെ വീട്ടില്‍ പോയ -
അമ്മാവന്മാരെ ഓര്‍ത്തുകൊണ്ട്‌
ചന്ദ്രനില്‍ നിന്നും 'ഫേസ് ബുക്കില്‍
കൂട്ടുകാര്‍ എത്തുന്ന കാലത്തിനായി
നമുക്ക് കാത്തിരിക്കാം ...........

Tuesday 19 July 2011

അജേഷിന്റെ നാണയ ശേഖരത്തില്‍ - അപൂര്‍വതയുടെ കിലുക്കം .....



ഓട്ടമുക്കാലും,ഒരു പൈസയും ,രണ്ടു പൈസയും എല്ലാം 
കണ്ടിട്ടില്ലാത്ത പുതുതലമുറയില്‍ പെട്ട കുട്ടികള്‍ക്ക് മുന്നില്‍ 
ഇത്തരം നാണയങ്ങളുടെ നിറക്കാഴ്ച ഒരുക്കുകയാണ് 
അജേഷ് കരക്കേരു.ഇന്ത്യയിലെ പഴയകാല നാണയങ്ങളും ,
വിദേശ നാണയങ്ങളും ഒക്കെയായി നൂറുകണക്കിന് 
അപൂര്‍വ നാണയങ്ങള്‍ ഉണ്ട് അജേഷിന്റെ കയ്യില്‍ .ചെറുപ്പം 
മുതല്‍ തുടങ്ങിയതാണ്‌ ഈ വിനോദം .നിരവധി പ്രദര്‍ശനങ്ങള്‍ 
നടത്തിക്കഴിഞ്ഞു ആയിരത്തോളം സ്റ്റാമ്പുകളും ഈ യുവാവിന്റെ 
പക്കലുണ്ട് ...എന്റെ ഈ പ്രിയ കൂട്ടുകാരനെ നിങ്ങള്‍ക്കായി 
പരിചയപ്പെടുത്തുന്നു ...   

പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം

ഉത്തരകേരളത്തിലെ പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രമാണ് പിലിക്കോട്  രയരമംഗലം ഭഗവതി ക്ഷേത്രം  .ഐതീഹ്യപ്പെരുമയാല്‍ പ്രസിദ്ധമാണ് ഈ ക്ഷേത്രം .നോക്കുന്നവന്  അവനെ തന്നെ 
കാണാവുന്ന വാല്‍ കണ്ണാടിയാണ്  ഇവിടുത്തെ പ്രതിഷ്ഠ .മീന മാസത്തിലെ 
പൂര മഹോത്സവവും ,വൃശ്ചികത്തിലെ പാട്ടുമാണ്‌ പ്രധാന ഉത്സവങ്ങള്‍ .ഇവിടുത്തെ 
പൂരമഹോത്സവം മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമാണ് .സാമുദായിക കൂട്ടായ്മയുടെ 
പൂര കാഴ്ചകള്‍ ഇവിടെ ദര്‍ശിക്കാം .ശാലിയപൊറാട്ട് ,പൂരക്കളി ,എഴുന്നള്ളത്ത് ,തായമ്പക 
തുടങ്ങിയവ പൂര കാഴ്ചകളില്‍ ചിലത് മാത്രം .ഒരു മാസം പൂരോത്സവം നടക്കുന്ന 
അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത് .മംഗലാപുരം മംഗളാദേവി ക്ഷേത്രവുമായി 
ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ  ഐതീഹ്യം .അതുകൊണ്ട് തന്നെ വടക്കുനിന്നും 
നിരവധി ആളുകള്‍ ഇവിടെ കാര്‍ത്തിക ഉത്സവത്തിന്‌ എത്താറുണ്ട് .നവീകരണ 
പ്രവര്‍ത്തനങ്ങളിലൂടെ അനുദിനം ശ്രേയസ്സ് വര്‍ധിച്ചു വരികയാണ് ഇവിടെ .നിരവധി 
ഉപക്ഷേത്രങ്ങളുള്ള ക്ഷേത്രം കൂടിയാണ് രയരമംഗലം ക്ഷേത്രം ...എന്റെ നാടിന്റെ ഐശ്വര്യവും...

കഥമധുരം നിറച്ച് 'ഉണ്ണികളേ ഒരു കഥപറയാം ''


ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളില്‍ 'ഉണ്ണികളേ ഒരു കഥ പറയാം '
എന്ന പേരില്‍ നടത്തിയ 'കഥാവാരം കുരുന്നുകള്‍ക്ക് പുതിയ അനുഭവമായി .
കുട്ടികളെ വായനയുടെ വഴികളിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നതായിരുന്നു 
ലക്‌ഷ്യം . ചെറുവത്തൂര്‍ ബി പി ഒ  ഒ.രാജഗോപാലന്‍ ,അധ്യാപകരായ പുരുഷോത്തമന്‍ ,ചിത്ര ,സിന്ധു തുടങ്ങിയവര്‍  കുട്ടികള്‍ക്ക് മു
ന്നില്‍
കഥ മധുരം പകര്‍ന്നു .വിദ്യാലയത്തിലെ സഞ്ചരിക്കുന്ന ലൈബ്രറിയിലെ
പുസ്തകങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു കഥാവതരണം

Sunday 17 July 2011

പിലിക്കോട്ടെ കാവല്‍ക്കാര്‍



അന്നത്തിന്റെ പത്തായപ്പുരകളാണ്  വയലുകള്‍ . വികസനം -
എന്ന പേരില്‍  പുതു കാലത്തിന്റെ പുതുമോടികള്‍ കടന്നു വന്നപ്പോള്‍ 
പച്ച വിരിച്ചിരുന്ന പാടങ്ങള്‍പലതിലും കെട്ടിടങ്ങള്‍  മുളച്ചു പൊങ്ങി 
വയലുകള്‍ക്കൊപ്പം ഓര്‍മ്മയിലേക്ക് മറയുന്നത് കൃഷി മാത്രമല്ല 
നമ്മുടെ കാര്‍ഷിക സംസ്കൃതി കൂടിയാണ്  കാലം കാഴ്ചകള്‍ പലതും 
മറക്കുമ്പോഴും ഗ്രാമത്തിന്റെ കാര്‍ഷിക പാരമ്പര്യം  നിലനിര്‍ത്തുന്ന 
കാവല്‍ക്കാര്‍ ഇന്നും പിലിക്കോടിന്റെ ഊടുവഴികളിലൂടെ സഞ്ചരിക്കുന്നു 
'ചങ്ങാതിയെന്നു മാത്രം പരസ്പരം അഭിസംബോധന ചെയ്യുന്ന ആറ്
പേരാണ് കാവല്‍ക്കാര്‍ ഒറ്റമുണ്ടും, തലയില്‍ പാളത്തൊപ്പിയും-
ചുമലില്‍ വട്ടത്തില്‍ കെട്ടിയ കയറും ,വയലുകള്‍ കാത്തുപോന്നവരാണ് ഇവര്‍ 
ഈ വര്‍ഷംകാവല്‍ക്കാരുടെ എണ്ണം നാലായി കുറഞ്ഞു പിലിക്കോട്ടെ പരപ്പ,ചെറുനിലം
  മടിവയല്‍ , കാനം-കരക്കേരു എന്നി വയലുകള്‍ കാക്കലാണ് ഇവരുടെ 
ചുമതല .എല്ലാവര്‍ഷവും മേടം ഒന്നിന് പിലിക്കോട്  രയരമംഗലം ക്ഷേത്രത്തില്‍ 
വെച്ച് മൂത്ത അടിയോടിയാണ് കാവല്‍ ചുമതല നല്‍കുന്നത്  മണിയാണി ,തീയ
സമുദായത്തില്‍ പെട്ടവരാണ് കാവല്‍ എടുക്കുന്നത് .തങ്ങളുടെ ജോലി ദൈവീകമാണെന്ന്
ഇവര്‍ കരുതുന്നു ചുമലിലെ കയര്‍ കന്നുകാലികളെ പിടിച്ചു കേട്ടനുള്ളതാണ് .ഈ കയറിന്റെ 
അറ്റത്തു കലമാനിന്റെ കൊമ്പ് കൊണ്ടുണ്ടാക്കിയ ഒരു കുരുക്കുണ്ട്. കയര്‍ വീശി എറിഞ്ഞാല്‍ 
കുരുക്ക് കന്നുകാലികളുടെ കഴുത്തില്‍ വീഴും .കുരുക്കില്‍ മന്ത്രം ആവാഹിച്ച് വെച്ചിട്ടുണ്ടെന്നാണ്
വിശ്വാസം .കയ്യില്‍ കാണുന്ന ചെറിയ വടിയെ നിറക്കോല്‍ എന്നാണ് വിളിക്കുക .നെല്‍ ചെടികള്‍ 
നീക്കി വെക്കാനാണ് ഇത് .കന്നി മാസം ഒന്നാം തീയ്യതി മുതല്‍ വെള്ളി കെട്ടിയ മറ്റൊരു വടിയാണ് 
ഉണ്ടാവുക .
 വാളുമ്പോള്‍ വിത്തും ,കൊയ്യുമ്പോള്‍ കറ്റയും വയലില്‍ എത്തിയാല്‍ കാവല്‍ക്കാരുടെ അവകാശമാണ് .
കൃഷി സമ്പന്നമായിരുന്ന കാലത്ത് ജീവിക്കാന്‍ ആവശ്യമായ വരുമാനം കാവലില്‍ നിന്നും -
ലഭിച്ചിരുന്നു.പുതു തലമുറയില്‍ പെട്ട ആരും ഇന്ന് ഈ രംഗത്തേക്ക് കടന്നു വരുന്നില്ല .........

Friday 15 July 2011

കാരുണ്യത്തിന്റെ സ്നേഹനിധി



എന്റെ ക്ല്ലാസ്സിലെ(ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍പി സ്കൂള്‍ നാലാംതരം )
ആയിഷതാനയും,നന്ദനയും ആണ് സ്നേഹനിധിയെ പറ്റി -
ആദ്യം പറഞ്ഞത് ഈ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തിലായിരുന്നു
അത് .കുട്ടികളുടെ അഭിപ്രായത്തെ കണക്കിലെടുത്ത് അവര്‍ക്കായൊരു 
ഭണ്ഡാരംവാങ്ങി നല്‍കുകയും ചെയ്തു  .ഇതിലെ തുക വര്‍ഷാവസാനം 
നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കാം എന്നതായിരുന്നു ചിന്ത .ഇതിനിടയിലാണ് 
സമീപ വിദ്യാലയത്തിലെ ദേവികചികിത്സാസഹായം തേടുന്ന വാര്‍ത്ത   
കുട്ടികളില്‍ എത്തിയത്  സ്നേഹനിധിയിലെ ആദ്യ തുക ദേവിക മോള്‍ക്ക് 
നല്‍കാം എന്ന് തീരുമാനമെടുത്ത് മറ്റു ക്ലാസ്സിലെ കുട്ടികള്‍ക്ക് മുന്നിലും അഭ്യര്‍ത്ഥന 
എത്തി  ജൂലൈ ആദ്യം സ്നേഹനിധി തുറന്നപ്പോള്‍ ചില്ലറകളുടെ കൂട്ടം ആയിരം  
രൂപയില്‍ എത്തിയിരുന്നു  കൊവ്വല്‍ എ യു പി സ്കൂള്‍ അധ്യാപകര്‍ക്ക്  തുക 
കൈമാറുകയും ചെയ്തു  .സ്നേഹനിധിക്കായി മറ്റൊരു ഭണ്ഡാരം ക്ലാസ്സില്‍ എത്തിക്കഴിഞ്ഞു

മരണക്കരച്ചില്‍



മുത്തശ്ശി മരിച്ചു കിടക്കുന്നു 
ഉറ്റവരെല്ലാം ചുറ്റും കൂടി -
ഉച്ചത്തില്‍ കരഞ്ഞു ...
കൊച്ചു മോന്‍റെ കീശയില്‍ നിന്നും 
മൊബൈലും കരഞ്ഞു -
എന്ത് ചന്തമാണ് പെണ്ണെ -
നിന്‍റെ പുന്‍ചിരി കാണുവാന്‍ ........ 
രംഗബോധമില്ലാത്ത കോമാളി 
മരണമോ അതോ മൊബൈലോ  ...

Thursday 14 July 2011

വായനയുടെ വാതായനങ്ങള്‍ തുറന്ന്‍ സഞ്ചരിക്കുന്ന ലൈബ്രറി



കുട്ടികള്‍ക്ക് മുന്നില്‍ വായനയുടെ വാതില്‍ തുറന്ന്‍
ചന്ദേര ഇസ്സത്തുല്‍ഇസ്ലാംഎ എല്‍പി സ്കൂളില്‍ 
സഞ്ചരിക്കുന്ന ലൈബ്രറി ഒരു സ്ഥലത്ത് നിന്നും 
മറ്റൊരു സ്ഥലത്തേക്ക് എടുത്തു മാറ്റാന്‍പറ്റുന്ന -
തരത്തിലുള്ള വലിയ പുസ്തക റാക്കാനു ഈo ലൈബ്രറി.
സ്കൂള്‍ മുറ്റത്തും വരാന്തയിലുംഒക്കെയാണ് ഇതിന്റെ 
സ്ഥാനം .കുട്ടിക്കഥകളും പാട്ടുകളും ബാലമാസികകളും
പത്രങ്ങളും ഒക്കെയാണ് ഇതിലുള്ളത്  വായന കുറിപ്പുകള്‍ 
കുറിച്ചിടാന്‍ ഒരു പുസ്തകവും ഇതിലുണ്ട്  കുട്ടികള്‍ നന്നായി 
വായിക്കുന്നു 

‘സ്ലെയ്റ്റ്’- ഓര്‍മ്മയിലെ ഏറ്റവും നല്ല കറുപ്പ്




           എന്റെ (നിങ്ങളുടെ പലരുടെയും) ഓര്‍മ്മയില്‍ ഏറ്റവും നല്ല കറുപ്പ് മരച്ചട്ടകൊണ്ട് ഫ്രെയ്മിട്ട സ്ലെയ്റ്റിനകത്താണ്. ഓണപ്പൂ‍ക്കള്‍ക്കായി പറമ്പുകള്‍ തേടുന്നതിന് മുമ്പ് നാം നടന്നത് സ്ലെയ്റ്റ് മായിക്കാനുള്ള മഷിത്തണ്ടും, ഓണത്താറും, പൂത്താലിത്തണ്ടും തേടിയായിരുന്നല്ലോ? കുട്ടിക്കാലത്തിന്റെ തലയണയും, വണ്ടിയും, ഇരിപ്പിടവുമൊക്കെ ആയിരുന്നു സ്ലെയ്റ്റ്. മൂലപൊട്ടിയ സ്ലെയ്റ്റിലൂടെ നമ്മള്‍ ആകാശ കാഴ്ചകള്‍ കണ്ടു. സ്ലെയ്റ്റില്‍ കുറിക്കാനുള്ള ചായപ്പെന്‍സിലുകള്‍ കിട്ടാന്‍ നമ്മള്‍ പലതും പകരം കൊടുത്തു. ആ പെന്‍സിലുകള്‍ കൊണ്ട് പലതും കുറിച്ചിട്ടു. വിയര്‍പ്പും തുപ്പലും തെറ്റുകളെ തിരുത്തി ക്കൊണ്ടേയിരുന്നു....................... 


              ഇനി കൂട്ടിച്ചേര്‍ക്കലുകള്‍ നിങ്ങളുടെ ഓര്‍മ്മയില്‍ നിന്നാകട്ടെ...................

Wednesday 13 July 2011

എന്തായിര്രുന്നുഇങ്ങനെ

...
ഞാന്‍ ഒരു നാട്ടിലെത്തി .
ഒരു തോട്ടാവാടിയെ തൊട്ടു നോക്കി 
അത് വാടിയില്ല .....
ഒരു മാമ്പഴം   തിന്നാനെടുത്തു
അതിന്‍റെ 'അണ്ടി 'പുറത്തായിരുന്നു 
ഒരു മുല്ലപ്പു മണത്തുനോക്കി 
അതിനു ദുര്‍ഗന്ധമായിരുന്നു ..
 ഒരാളെ കണ്ടു   അയാള്‍ -
സാധാരണ മനുഷ്യനെ അല്ലായിരുന്നു 
പിന്നെ ഒരു ബോര്‍ഡ്‌ കണ്ടു 
പ്ലാന്റേഷന്‍കോര്‍പറെഷന്‍എസ്റ്റേറ്റ്‌........
 വാര്‍ത്ത -എന്ടോസല്ഫാന്‍ മണ്ണില്‍ ഇനിയും വിഷം ഇറങ്ങിയില്ല 

Tuesday 12 July 2011

ഇത് നിങ്ങളും കണ്ടിട്ടുണ്ടോ

രാവിലെ പോകുമ്പോള്‍
വയലുകള്‍ക്കപ്പുറം ഒരു കുന്നുണ്ടായിരുന്നു
വൈകിട്ടുവരുമ്പോള്‍ അവിടെ കണ്ടത്
ഒരു കുഴി മാത്രം ......
ആ കുന്ന് എവിടെപോയി ?
കുറെ നടന്നപ്പോള്‍
 രാവിലെ കണ്ട വയലുകളും അവിടെ ഇല്ലായിരുന്നു

Monday 11 July 2011

ഇതല്ലേ കാലം...

പഞ്ചസാര വാങ്ങാന്‍ പോയ-
കുമാരേട്ടനെ കാറിടിച്ചു...
ആളുകള്‍ ഓടിക്കൂടി
എല്ലാവരും എടുത്തുയര്‍ത്തി
കീശയില്‍ നിന്ന മൊബൈല്‍ ഫോണ്‍
അങ്ങനെ കുമാരേട്ടന്റെ മരണം
ഒരു ബ്ലുടൂത്ത് മരണമായി.

ഇന്നു ഞാന്‍ നാളെ നീ...

ചാണകത്തിന് ദു:ഖം വന്നു
എന്നെയാരും വീട്ടില്‍ കയറ്റുന്നില്ലല്ലോ?
ചൂത്‌മാച്ചിക്ക് സങ്കടം വന്നു.
പടിഞ്ഞാറ്റയുടെ മൂലയില്‍
ഇരിപ്പിടം പോയതിനാല്‍
അടുക്കളയില്‍ നിന്ന് മിക്സിയുടെ
കരച്ചില്‍ കേട്ട്
അമ്മിക്കല്ല് വാവിട്ടു കരഞ്ഞു
ഇന്നലെ അടുക്കളയില്‍ കൊച്ചമ്മയുടെ കരച്ചില്‍ കേട്ടു...
ഗ്യാസിനു വിലകൂടിയല്ലോ?
അടിച്ചോടിച്ച അടുപ്പിന്‍ കല്ലുകള്‍
പൊട്ടിച്ചിരിച്ചു...
ഇന്നുകരയുന്നവര്‍ക്കെല്ലാം... നാളെ ചിരിക്കാം...

യാത്രാമൊഴി


ഓര്‍മ്മയിലെ പ്പൊഴും-
നിന്‍റെ കിലുക്കമുണ്ടായിരുന്നു.
സ്കൂളില്‍ പോകുമ്പോള്‍ -
ട്രൌസറിന്റെ കീശയില്‍
പലപ്പോഴും നീയുണ്ടായിരുന്നു.
ചന്തുവേട്ടന്റെ പെട്ടിക്കടയിലെ -
'ഒയിലച്ചയ്ക്ക്' അന്ന്‍ നിന്‍റെ വിലയായിരുന്നു.
പക്ഷെ, നിനക്കിപ്പോള്‍ വിലയില്ലാതായിരിക്കുന്നു.
എങ്കിലും 25 പൈസേ നിന്നെ മറക്കില്ലൊരിക്കലും
എന്‍റെ ഓര്മപ്പെട്ടിയില്‍...
നിന്നെ ഞാന്‍ ഇട്ടുവയ്ക്കുന്നു.

Sunday 10 July 2011

ഓര്‍മ്മയിലൊരു മഴക്കിലുക്കം....

             മഴ പെയ്തിറങുന്ന വിദ്യാലയദിനങ്ങള്‍  മനസ്സിലെപ്പൊഴും കുളിരുള്ള ഓര്‍മ്മയാണ്. മഴത്തുള്ളികള്‍ക്കൊപ്പം കൂട്ടുകൂടി സ്കൂളിലേക്കുള്ള പണ്ടത്തെയാത്രകള്‍ എന്തുരസമായിരുന്നു. പൂക്കളോടും, പൂമ്പാറ്റകളോടും കിന്നാരം ചൊല്ലി, വഴിവക്കിലെ നാട്ടുമാവില്‍ കല്ലെറിഞ്, മണ്ണ് തൊട്ട് പ്രക്രുതിയുടെ മനസ്സുതൊട്ടുള്ള യാത്ര.....  

             നടന്നു നീങുമ്പോള്‍ പാടവരമ്പിലോ, വഴിവക്കിലോ കെട്ടി നില്‍കുന്ന മഴവെള്ളം കണ്ടാല്‍ അതിനെ ചവിട്ടിപ്പൊട്ടിക്കാനാണ് തിടുക്കം. ഒരു കാല്‍ കൊണ്ട് വെള്ളത്തില്‍ ആഞ്ഞു ചവിട്ടി, വെള്ളം മേല്‍പ്പോട്ടുയരുമ്പോള്‍ മറുകാല്‍ കൊണ്ട് വീശിയൊരടി.... ‘ടപ്പേ’  എന്നു പൊട്ടുമ്പോള്‍ ചെളി നിറഞ്ഞ കുപ്പായവുമായിട്ടായിരിക്കും കൂട്ടുകാരുടെ നില്പ്. പിന്നെ, പിണക്കമായി. സ്ലെയ്റ്റ് മായിക്കാന്‍ കീശയില്‍ കരുതിയ വെള്ളാം കുടിത്തണ്ടോ, ഓണത്താറോ പകരം നല്‍കി ഈ പിണക്കത്തെ ഇണക്കമാക്കും. അങനെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും കൊണ്ട് ഊഷ്മളമായ വഴിച്ചങ്ങാത്തങ്ങള്‍. 

              മഴയില്‍ കുടച്ചങ്ങാതിമാരുമായി കൂട്ടുകൂടി കുട്ടികള്‍ പോകുമ്പോള്‍ മനസിലോര്‍മ്മവരും മധുരം കിനിയുന്ന ബാല്യകാലത്തിന്റെ ഓര്‍മ്മകളും പിന്നെ ഒ.എന്‍.വി യുടെ ഈ വരികളും. 

              ‘ കൊട്ടിപ്പാടുന്ന മഴ 
              നടവരമ്പത്തൊരു 
              കുട്ടിയുണ്ടതിന്‍ കൈയില്‍ 
              പുസ്തകം പൊതിച്ചോറും 
              കുടയാമ്മൊരു തൂശ 
              നിലയും അത് കൊത്തി-
              ക്കുടയുന്നുവോ മഴ
              ക്കാറ്റിന്റെ കാക്കക്കൂട്ടം.....’ 

തിരിചുകിട്ടട്ടെ വര്‍ത്തമാന കാല ബാല്യങ്ങള്‍ക്കും ഇതൊപോലൊരു ഓര്‍മ്മക്കാലം......