Friday 26 August 2011


   
   

'കൊട്ടാള'-ഓണക്കാലത്തിന്റെ ഓര്‍മ്മക്കൂട '' 


14-08-2011


പിലിക്കോട് :ഓണമെത്തുമ്പോള്‍ ഏതൊരു മലയാളിയുടെയും മനസ്സില്‍ ഓര്‍മ്മകളും നിറയും .ഗ്രാമീണ ജീവിതത്തിലൂടെ കടന്നുവന്ന ഏതൊരാളുടെയും ഓണത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ തുടങ്ങുക 'തുമ്പ പൂവില്‍ നിന്നും 'അതിറുത്തുനിറച്ച കൊട്ടാളകളില്‍ നിന്നുമാണ്.പ്ലാവില ,താളില ,ആലില എന്നിവ ഉപയോഗിച്ചാണ് കൊട്ടാള 'ഉണ്ടാക്കുക .ഇലകള്‍ ചേര്‍ത്തു വെച്ച് ഈര്‍ക്കില്‍ കൊണ്ട് തുന്നിചെര്‍ത്തുണ്ടാക്കുന്ന ഈ പൂക്കൂടകളിലും വൈവിധ്യമുണ്ട് .പ്ലാവില കൊട്ടാളകളാണ് രൂപഭംഗിയില്‍ മുന്‍പില്‍. ചെടികളില്‍ നിന്നും ചെടികളിലേക്ക് പൂക്കള്‍ തേടി പറന്നു നടക്കുന്ന പൂമ്പാറ്റകളെപ്പോലെ പൂക്കളിറുക്കാന്‍ ഓടിനടക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ അപൂര്‍വമായതോടെ കൊട്ടാളയും ഓര്‍മ്മക്കൂട മാത്രമാവുകയാണ് ....
       
   

കണ്‍മറയുന്നു കയ്യാലകളും .... 


24-08-2011


ഒരുകാലത്ത് അതിരുകളുടെ അടയാളങ്ങളായിരുന്നു കയ്യാലകള്‍. കാലമാറ്റത്തില്‍ അതിര്‍ത്തികള്‍ ഉറപ്പിക്കാന്‍ കല്‍മതിലുകള്‍ ഉയര്‍ന്നു പൊങ്ങിയതോടെ കാഴ്ചയില്‍ നിന്നും മറയുകയാണ് മണ്‍കയ്യാലകള്‍. മണ്ണ് കൊണ്ടുണ്ടാക്കുന്ന കയ്യാലകള്‍ കേവലം അതിരുകള്‍ മാത്രമായിരുന്നില്ല. വലിയൊരു ആവാസവ്യവസ്ഥ കൂടിയായിരുന്നു അത്. പഴയ കാലത്ത് പറമ്പുകളുടെ ഏതെങ്കിലും ഒരു അതിര്‍ത്തിയിലെങ്കിലും മണ്‍ കയ്യാലകള്‍ ഉണ്ടായിരുന്നു. ഈ കയ്യാല വര്‍ഷാവര്‍ഷം മണ്ണുകൊണ്ട് ഉറപ്പിച്ചു കൊണ്ടിരിക്കും. വീടിനു മുന്‍ഭാഗത്തെ കയ്യാലയാണെങ്കില്‍ അതില്‍ പലതരം ചെടികള്‍ നിറഞ്ഞു നില്‍ക്കുമായിരുന്നു.നീല കോളാമ്പികള്‍ കൂടുതലായും വളര്‍ന്നിരുന്നത് കയ്യാലപ്പുറത്തായിരുന്നു. വര്‍ഷം തോറും നടന്നു വരുന്ന 'നിറ'യ്ക്ക് വേണ്ടുന്ന പൊലിവള്ളിയും, സൂത്രവള്ളിയും പടര്‍ന്നിരുന്നതും ഇതിനുമുകളിലായിരുന്നു. അതുകൊണ്ട് തന്നെ അനുഷ്ടാനപരമായ ബന്ധം കൂടി ഈ മണ്‍ തിട്ടകള്‍ക്കുണ്ടായിരുന്നു. കയ്യാലകള്‍ മറഞ്ഞു തുടങ്ങിയതോടെ നീലകോളാമ്പിയും, കള്ളിമുള്ളുമെല്ലാം ഇന്ന് അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. നെടുകെയും, കുറുകെയും കമ്പുകള്‍ കെട്ടിയുണ്ടാക്കുന്ന വേലികളും ഇന്ന് അപ്രത്യക്ഷമാവുകയാണ്. ചന്തം കുറഞ്ഞ കയ്യാലകള്‍ വീടിന്റെ ചന്തം കുറയ്ക്കുമെന്ന ധാരണയില്‍ മാന്തിയെടുക്കപ്പെടുമ്പോള്‍ മറയുന്നത് വലിയൊരു ആവാസവ്യവസ്ഥയും. ഒപ്പം ഗ്രാമീണതയുടെ അടയാളവും കൂടിയാണ്.
   
    തയ്യാറാക്കിയത്‌: വിനയന്‍ പിലിക്കോട്‌
   
    ഫോട്ടോ: വിജേഷ്‌ ചന്തേര

കൃഷ്ണാഷ്ടമി പുണ്യദിനം ' 


20-08-2011


ഭക്തരെ സമ്പത്തിച്ചിടത്തോളം പുണ്യദിനമാണ് അഷ്ടമിരോഹിണി.ഈ ദിനത്തില്‍ വടക്കന്‍ കേരളത്തിലെ പല വീടുകളിലും കൃഷ്ണനെ വരവേല്‍ക്കുന്ന ചടങ്ങുണ്ട്.അഷ്ടമി രോഹിണി ദിനം രാവിലെ തന്നെ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും.ക്ഷേത്ര ദര്‍ശനവും ,ഒരുനേരം മാത്രം അരിയാഹാരം കഴിച്ചുള്ള വ്രതവും. കൃഷ്ണന്റെ പിറന്നാള്‍ ദിനത്തിലെ പുണ്യമായി കണക്കാക്കുന്നു. ചിങ്ങം പിറന്നത്‌ മുതല്‍ പ്രഭാതങ്ങളില്‍ നടക്കുന്ന കൃഷ്ണപ്പാട്ട് പാരായണം ഈ ദിനത്തില്‍ രാത്രിവരെ നീളും. സന്ധ്യയാകുന്നതോടെ കത്തിച്ചുവെച്ച നിലവിളക്കിനും, കൃഷ്ണവിഗ്രഹത്തിനും മുന്നില്‍ പൂക്കളം ഒരുക്കും. തുമ്പയും മറ്റു നാട്ടുപൂക്കളും ഉപയോഗിച്ചായിരിക്കും പൂക്കളമിടുക.ഇതിനരികിലായി വാഴയിലയിലോ, പാത്രത്തിലോ ആയി കൃഷ്ണന് പാല്‍പ്പായസം വിളമ്പും. അതിനു ശേഷം വീടിനു മുന്‍ ഭാഗത്തുനിന്നും പടിഞ്ഞാറ്റയില്‍ ഒരുക്കിയ പൂക്കളത്തിന് അരികില്‍ വരെ തറയില്‍ 'ചേടികൊണ്ട് ഉണ്ണിക്കണ്ണന്റെ കാല്പാടുകള്‍ വരയ്ക്കും. കൈപ്പത്തി ചുരുട്ടിപിടിച്ച് വെള്ളത്തില്‍ കലക്കിയ ചേടിയില്‍ മുക്കിയാണ് കാലുകള്‍ വരയ്ക്കുക.ഇതിനു ശേഷം പടിഞ്ഞാറ്റയുടെ വാതിലുകള്‍ പാതിചാരിവെക്കും. ഈ സമയം കൃഷ്ണപ്പാട്ട് പാരായണം ഉച്ചസ്ഥായിയിലാകും.ഇതിനിടയില്‍ കൃഷ്ണ ഭഗവാന്‍ വീട്ടിലെത്തുമെന്നാണ് വിശ്വാസം.

     
   

വൈരജാതന്‍ തെയ്യം 


23-08-2011


ഉത്തരകേരളത്തില്‍ അപൂര്‍വമായി മാത്രം കെട്ടിയാടുന്ന തെയ്യക്കോലമാണ് വൈരജാതന്‍. ദക്ഷയാഗ കഥയിലെ വീരഭദ്രന്‍ തന്നെയാണ് വൈരജാതനായും അറിയപ്പെടുന്നത്. സതീദേവിയെ പിതാവായ ദക്ഷന്‍ യാഗശാലയില്‍ നിന്നും ആട്ടിപ്പുറത്താക്കുകയുണ്ടായി. അപമാനം സഹിക്കാനാവാതെ സതീദേവി യാഗാഗ്നിയില്‍ ചാടി മരിച്ചു. വിവരമറിഞ്ഞ ശിവന്‍ കോപം കൊണ്ട് ജ്വലിച്ചു. അപ്പോള്‍ ശിവന്റെ നെറ്റി ക്കണ്ണില്‍ നിന്നും ഒരു ഉഗ്രമൂര്‍ത്തി ഉറഞ്ഞു ചാടി. ദക്ഷനെയും കൂട്ടരെയും വകവരുത്തിയ ആ ഉഗ്രമൂര്‍ത്തിയാണ് വൈരജാതന്‍. വൈരത്തില്‍ നിന്നും ജനിച്ചത്‌ കൊണ്ടാണ് വൈരജാതന്‍ എന്ന് പേര് വന്നത്.
   
    കേരളത്തിന്റെ വടക്ക് ഭാഗത്ത് പണ്ട് അള്ളടസ്വരൂപം എന്ന പേരില്‍ ഒരു രാജവംശം ഉണ്ടായിരുന്നു. അള്ളടം നാട് ഭരിച്ചു മുടിച്ചിരുന്ന എട്ടു ദുഷ്പ്രഭുക്കന്‍മാരില്‍ നിന്നും പടവെട്ടി രാജ്യം പിടിക്കാന്‍ സാമൂതിരിക്കൊലോത്തു നിന്നും വന്ന വീരരായിരുന്നു ക്ഷേത്രപാലകന്‍, വൈരജാതന്‍, വേട്ടയ്ക്കൊരുമകന്‍, എന്നിവര്‍. അള്ളടം നാട്ടിലെ അള്ളോന്‍, മന്നന്‍ തുടങ്ങിയ അഹങ്കാരികളായ നാടുവാഴികളെ വധിച്ച് രാജ്യത്തെ രക്ഷപ്പെടുത്തിയ ശേഷം, വൈരജാതന്‍ ചെറുവത്തൂര്‍ തറയിലെ ഒരു നായര്‍ തറവാട്ടില്‍ എത്തി. പിന്നീട് ആ തറവാട് വൈരജാത ക്ഷേത്രമായി... പിലിക്കോട് രയരമംഗലം കൊട്ടുമ്പുറം, തൃക്കരിപ്പൂര്‍, നീലേശ്വരം പട്ടേന എന്നിവിടങ്ങളിലും മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ ഈ തെയ്യം കെട്ടിയാടാറുണ്ട്.

Thursday 11 August 2011

പാവം പൂമ്പാറ്റ കുഞ്ഞുങ്ങള്‍ ..



ഇന്നലെയാണ് അവള്‍ ലോകം കണ്ടത് 
പുള്ളിയുടുപ്പിട്ട കൊച്ചു സുന്ദരി ...
പൂക്കള്‍ തോറും അവള്‍ പാറി നടന്നു .
കണ്ടവര്‍ക്ക് തോന്നി-
 കയ്യിലെടുത്ത് ഓമനിക്കാന്‍ ....
ചെമ്പരത്തിയും ,തെച്ചിയും അവള്‍ക്ക്-
തേന്‍ മധുരം നല്‍കി .. 
ഇന്നാണവള്‍ പൂന്തോട്ടത്തിലെ -
പുതിയ ചെടി കണ്ടത്...
പൂവിന്‍റെ പുഞ്ചിരിയില്‍  അവള്‍ -
മധുരം നുകരാനെത്തി ..
തേനിനു കൈപ്പു രുചിയായിരുന്നു .
പൂവ് പൂമ്പാറ്റയെ ഉള്ളിലാക്കി -
കൂമ്പിയടഞ്ഞു.... .
പറിച്ചെടുത്തു നോക്കുമ്പോഴേക്കും -
അതിന്‍റെ ചിറക്‌ അറ്റിരുന്നു..
ഇതലുകളിലെ കൂര്‍ത്ത മുള്ളുകളാല്‍-
മേലാകെ കോറിയിരുന്നു..
അതിന്നു നിരങ്ങി നീങ്ങാന്‍ പോലും  ആയില്ല.
ചെടിയിലേക്ക് നോക്കിയപ്പോള്‍ -
അത് വീണ്ടും പൂവിട്ടിരുന്നു  
ഒന്നല്ല ഒരുപാടുപൂക്കള്‍ ..
പാവം പൂമ്പാറ്റകുഞ്ഞുങ്ങള്‍.. 

Tuesday 9 August 2011

സമാധാനത്തിന്റെ ശാന്തിദീപം തെളിഞ്ഞു ''



 മാനവ കുലത്തിന്റെ മഹനീയതകളേയും, സ്നേഹ വിശ്വാസങ്ങളെയും
തകര്‍ക്കുന്ന യുദ്ധ ഭീകരതയ്ക്കെതിരെ ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ  എല്‍ പി
സ്കൂളിലെ കുരുന്നുകള്‍ 'ശാന്തി ദീപം 'തെളിച്ചു .ഹിരോഷിമ -നാഗസാക്കി
ദിനാചരണങ്ങളുടെ അറുപത്തിയാറാം വാര്‍ഷിക ഭാഗമായി 66 -
കടലാസ്സ് വിളക്കുകളാണ് വിദ്യാലയത്തില്‍ സമാധാന സന്ദേശത്തിന്റെ
ശോഭ പരത്തിയത് .കുട്ടികള്‍ തന്നെയാണ് ചാര്‍ട്ട് ,മെഴുകുതിരി എന്നിവ
ഉപയോഗിച്ച് കടലാസ്സ് വിളക്കുകള്‍ തയ്യാറാക്കിയത് .പ്രധാനാധ്യാപിക -
സി എം മീനാകുമാരി ശാന്തി ദീപം 'കുരുന്നു കൈകളിലേക്ക് പകര്‍ന്നു ..തെളിഞ്ഞു -
കത്തിയ 66 ദീപങ്ങളെ സാക്ഷിയാക്കി കുട്ടികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി .
പ്രത്യേകം തയ്യാറാക്കിയ യുദ്ധസ്മാരകത്തില്‍ കുട്ടികള്‍ പുഷ്പ്പാര്‍ചനയും  നടത്തി ....