|
കണ്‍മറയുന്നു കയ്യാലകളും .... |
 |
|
|
 | 24-08-2011 |
|
|
ഒരുകാലത്ത് അതിരുകളുടെ അടയാളങ്ങളായിരുന്നു കയ്യാലകള്‍. കാലമാറ്റത്തില്‍ അതിര്‍ത്തികള്‍ ഉറപ്പിക്കാന്‍ കല്‍മതിലുകള്‍ ഉയര്‍ന്നു പൊങ്ങിയതോടെ കാഴ്ചയില്‍ നിന്നും മറയുകയാണ് മണ്‍കയ്യാലകള്‍. മണ്ണ് കൊണ്ടുണ്ടാക്കുന്ന കയ്യാലകള്‍ കേവലം അതിരുകള്‍ മാത്രമായിരുന്നില്ല. വലിയൊരു ആവാസവ്യവസ്ഥ കൂടിയായിരുന്നു അത്. പഴയ കാലത്ത് പറമ്പുകളുടെ ഏതെങ്കിലും ഒരു അതിര്‍ത്തിയിലെങ്കിലും മണ്‍ കയ്യാലകള്‍ ഉണ്ടായിരുന്നു. ഈ കയ്യാല വര്‍ഷാവര്‍ഷം മണ്ണുകൊണ്ട് ഉറപ്പിച്ചു കൊണ്ടിരിക്കും. വീടിനു മുന്‍ഭാഗത്തെ കയ്യാലയാണെങ്കില്‍ അതില്‍ പലതരം ചെടികള്‍ നിറഞ്ഞു നില്‍ക്കുമായിരുന്നു.നീല കോളാമ്പികള്‍ കൂടുതലായും വളര്‍ന്നിരുന്നത് കയ്യാലപ്പുറത്തായിരുന്നു. വര്‍ഷം തോറും നടന്നു വരുന്ന 'നിറ'യ്ക്ക് വേണ്ടുന്ന പൊലിവള്ളിയും, സൂത്രവള്ളിയും പടര്‍ന്നിരുന്നതും ഇതിനുമുകളിലായിരുന്നു. അതുകൊണ്ട് തന്നെ അനുഷ്ടാനപരമായ ബന്ധം കൂടി ഈ മണ്‍ തിട്ടകള്‍ക്കുണ്ടായിരുന്നു. കയ്യാലകള്‍ മറഞ്ഞു തുടങ്ങിയതോടെ നീലകോളാമ്പിയും, കള്ളിമുള്ളുമെല്ലാം ഇന്ന് അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. നെടുകെയും, കുറുകെയും കമ്പുകള്‍ കെട്ടിയുണ്ടാക്കുന്ന വേലികളും ഇന്ന് അപ്രത്യക്ഷമാവുകയാണ്. ചന്തം കുറഞ്ഞ കയ്യാലകള്‍ വീടിന്റെ ചന്തം കുറയ്ക്കുമെന്ന ധാരണയില്‍ മാന്തിയെടുക്കപ്പെടുമ്പോള്‍ മറയുന്നത് വലിയൊരു ആവാസവ്യവസ്ഥയും. ഒപ്പം ഗ്രാമീണതയുടെ അടയാളവും കൂടിയാണ്.
തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
ഫോട്ടോ: വിജേഷ് ചന്തേര |
|
No comments:
Post a Comment